2009/10/05

ജീവീതം

ജീവിതത്തില്‍ ഒരു മത്സരത്തിനോ ഓട്പാചിലിഅര്‍ത്ഥമില്ല.. യഥാര്‍ത്ഥത്തില്‍ എന്താണ് ജീവിതം? ദൂരം നിശ്ചയമില്ലാത്ത ഒരു നടത്തം. മ്യൂസിയം റൌണ്ടില്‍ വലം വെക്കും പോലെ, കലണ്ടറിലെ ആ അവസാന ദിവസത്തേക്ക്, ആ നടത്തം ഏറ്റവും ഭംഗിയാക്കുക. നടക്കുമ്പോള്‍ നമ്മോടൊപ്പം ഉള്ളവരോട് ഏറ്റവും നല്ലവരാവാന്‍ ശ്രമിക്കുക. അവരെ സ്നേഹിക്കുക.. ചുറ്റുമുള്ള മരങ്ങളെയും മരച്ചില്ലകളെയും ചില്ലകള്‍ക്കപ്പുറത്തെ ആകാശക്കീറിനെയും കണ്ടുകൊണ്ട്‌... മെല്ലെ നടക്കുക. ഓരോ നിമിഷവും നിറഞ്ഞു ജീവിക്കുക......"

തമിഴ്നാട്ടിലെ മിക്ക വീടുകളിലും ഒരു കൊച്ചു കലണ്ടര്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ദിവസത്തിന്‍റെ വര്‍ഷവും മാസവും തീയതിയും നാള്‍ഫലവും രാശിഫലവുമൊക്കെ അതില്‍ കുറിച്ചിരിക്കും. രാവിലെ എഴുന്നേറ്റയുടനെ കഴിഞ്ഞദിവസത്തിന്‍റെ താള്‍ കീറിക്കളഞ്ഞ് പ്രാര്‍ത്ഥനയോടെ ദിവസം ആരംഭിക്കുന്നത് ശരിക്കും പ്രതീകാത്മകമാണെന്ന് തോന്നിയിരുന്നു. ചവറ്റുകുട്ടയില്‍ ചുരുണ്ടുവീഴുന്ന ആ വെറും കടലാസിന്‍റെ വിലയെ ഉള്ളൂ നമ്മുടെ ഇന്നലെകള്‍ക്ക്. അത് പഴയതുപോലെത്തന്നെ ഘടിപ്പിക്കാന്‍ കഴിയില്ല എന്നതുപോലെ കഴിഞ്ഞുപോയ നാളുകളിലെ ഒരു നിമിഷത്തിന്റെ ഒരംശം പോലും നമുക്ക് പിടിച്ചുവെക്കാനാവുന്നില്ലല്ലോ.. തിരിഞ്ഞുനോക്കുമ്പോള്‍, മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാന്‍ നമ്മളെടുത്ത ഓരോ നിമിഷവും ഓരോ നഷ്ടമാണ്. ആ പംക്തിയില്‍ മറ്റൊന്ന്കൂടി എന്നെ ചിന്തിപ്പിച്ചു. നമ്മില്‍ പലരും ഒന്നിനെയും അതിന്‍റെ യഥാര്‍ത്ഥനിറത്തില്‍ കാണാന്‍ ശ്രമിക്കാറില്ല എന്നത്. "....പാതി കാണുന്നു.. പാതി കേള്‍ക്കുന്നു.. കണ്ണുതുറന്ന് ഒന്നിന്റേയും യഥാര്‍ത്ഥ സൌന്ദര്യത്തിലേക്ക് നോക്കുന്നില്ല.. ജീവിതം നഷ്ടപ്പെടാന്‍ തുടങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടു നോക്കുമ്പോഴേ ഒരുപക്ഷെ നമുക്ക് അങ്ങനെ കാണാന്‍ കഴിയൂ.." എനിക്ക് തോന്നിയത് നമുക്കൊന്നിന്റെയും സൌന്ദര്യമോ നിറമോ ആസ്വദിക്കാനുള്ള സമയം കിട്ടാറില്ല എന്നതാണ്.. ഇന്നലെകളുടെ നഷ്ടത്തില്‍ വേദനിച്ചോ നാളെയുടെ അനിശ്ചിതത്വത്തില്‍ വ്യകുലപ്പെട്ടോ ഇന്നിന്റെ സൌന്ദര്യം ആസ്വദിക്കാനുള്ള കഴിവ് നാം തന്നെ നശിപ്പിക്കുന്നു, അഥവാ നാമറിയാതെ തന്നെ നമ്മില്‍നിന്നും അത് നഷ്ടമായിപ്പോവുന്നു.