2016/08/07

തലമുറ

ഇനി വരുന്നൊരു തലമുറയിലെങ്കിലും വര്‍ഗീയതയുടെ തോത് കുറക്കാന്‍ ജീവിതസാഹചര്യങ്ങളില്‍നിന്ന് ഗണിച്ചെടുത്ത ചില ടിപ്പുകള്‍:
- നിങ്ങളുടെ മക്കളെ അയല്‍പക്കങ്ങളിലെ കുട്ടികളുമായി മതം നോക്കാതെ സഹവസിക്കാന്‍ അനുവദിക്കുക.
- അവര്‍ ഒരു വിഭാഗം മാത്രമുള്ള സ്‌കൂളുകളിലാണെങ്കില്‍ ആ പൊട്ടക്കിണറ്റില്‍നിന്ന് കൈപിടിച്ചു കയറ്റി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ക്കുക.
- നിങ്ങള്‍ പാവങ്ങളെ മതം നോക്കാതെ സഹായിക്കുമ്പോള്‍ അവന്റെ കുഞ്ഞിക്കൈ കൊണ്ട് കൊടുപ്പിക്കുക.
- നിങ്ങളുടെ ഉപ്പയുടെയും ഉമ്മയുടെയും ഏറ്റവും നല്ല കൂട്ടുകാരികളായ ഭാസ്‌കരേട്ടനെയും ശാന്തമ്മ ചേച്ചിയെയും അവര്‍ക്ക് പരിചയപ്പെടുത്തുക. അച്ഛന്റെയും അമ്മയുടെയും കൂട്ടുകാരായ
അബുവിനെയും ഖദീജയെയും നിങ്ങളുടെ കുട്ടിയും അറിഞ്ഞിരിക്കണം.
- നിങ്ങള്‍ പ്രവാസികളാണെങ്കില്‍ നാട്ടിലേക്ക് പോകുമ്പോള്‍ സ്‌കൂളില്‍ ഒപ്പം പഠിച്ചിരുന്ന പഴയ അന്യമതസ്ഥരായ കൂട്ടുകാരുടെ വീടുകളില്‍ കുട്ടികളെ കൂട്ടി സന്ദര്‍ശനം നടത്തുക. അവര്‍ക്കും കുട്ടികള്‍ക്കും സ്‌പ്രേയോ ചോക്ലേറ്റോ പോലുള്ള സമ്മാനങ്ങള്‍ നല്‍കുക.
- എല്ലാ വിഭാഗവുമുള്ള സ്ത്രീകളുടെ അയല്‍ക്കൂട്ട യോഗങ്ങളില്‍ കണക്ക് ബുക്കോ മിനുട്ട്‌സ് ബുക്കോ എഴുതാന്‍ കുട്ടികളുടെ സഹായം തേടുക.
- മതപ്രഭാഷണങ്ങളിലോ രാഷ്ട്രീയ പ്രഭാഷണങ്ങളിലോ വര്‍ഗീയത കലര്‍ത്തുന്ന ആരെങ്കിലുമുള്ളതായി ശ്രദ്ധയില്‍പെട്ടാല്‍ അവര്‍ മനുഷ്യരില്‍പെട്ടവരല്ലെന്ന് കുട്ടിയെ പഠിപ്പിക്കുക.
- എല്ലാ മതങ്ങളുടെയും അടിസ്ഥാന പാഠങ്ങളും നന്മകളും പരിചയപ്പെടുത്തുന്ന പാഠങ്ങള്‍ പൊതു വിദ്യാലയങ്ങളിലെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താന്‍ അധികാരികളോട് ആവശ്യമുയര്‍ത്തുക.
- ഒഴിവു സമയങ്ങളില്‍ വായനശാല ഗ്രൗണ്ടിലും തൊടിയിലും പാടത്തും പറമ്പിലുമൊക്കെ കളിക്കുന്ന കുട്ടികളോടൊപ്പം ചേരാന്‍ നിങ്ങളുടെ മക്കളെയും അനുവദിക്കുക.
- നിങ്ങളുടെ മക്കള്‍ക്ക് കലാപരമായ ശേഷികളുണ്ടെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കുക. നല്ല കലാകാരന് വര്‍ഗീയവാദിയാകാനാവില്ല.
- നിങ്ങളുടെ മക്കളുടെ കൂട്ടുകാരെ അവന്റെ പിറന്നാളിനോ അല്ലെങ്കില്‍ വിശേഷ ദിവസങ്ങളിലോ വീട്ടിലേക്ക് വിരുന്ന് വിളിക്കാന്‍ ആവശ്യപ്പെടുക.
- മാനവിക വിഷയങ്ങളില്‍ താല്‍പര്യമുള്ള കുട്ടിയാണെങ്കില്‍ ജോലിസാധ്യതയുടെ പേരു പറഞ്ഞ് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ നിര്‍ബന്ധിക്കാതിരിക്കുക. ചരിത്രവും സാഹിത്യവും പഠിക്കാന്‍ താല്‍പര്യമുള്ളവരെ അതിന് അനുവദിക്കുക.
- എല്ലാറ്റിലുമുപരി പുസ്തകങ്ങള്‍ വായിപ്പിക്കുക. മികച്ച നോവലുകള്‍, കഥകള്‍, വിഭാഗീയത പ്രചരിപ്പിക്കാത്ത ചരിത്ര പുസ്തകങ്ങള്‍ എന്നിവ വായിക്കാന്‍ പ്രേരിപ്പിക്കുക. നല്ലൊരു വായനക്കാരന് വര്‍ഗീയവാദിയാകാനാവില്ല.
(ഇതൊക്കെ ഉള്ളില്‍നിന്ന് വരുന്നുണ്ടെങ്കില്‍ മതി. കാട്ടിക്കൂട്ടലാകാതിരിക്കാനും ശ്രദ്ധിക്കണം )

അഭിപ്രായങ്ങളൊന്നുമില്ല: